വെക്കേഷന് എൻറെ വീട്ടിൽ പോയി നിൽക്കാൻ വളരെ പണിപ്പെട്ടാണ് എന്റെ ഭാര്യ സുമയെ സമ്മതിപ്പിച്ചെടുത്തത്. അച്ഛൻ മരിച്ചിട്ട് കുറച്ചു മാസങ്ങളേ ആകുന്നുള്ളു. അമ്മ നാട്ടിലെ വീട്ടിൽ ഒറ്റക്കാണ്.
"ബന്ധുക്കളൊക്കെ ചുറ്റുവട്ടത്തുണ്ടല്ലോ, പിന്നെയെന്താ..." പുതിയ കാർ ഓട്ടോമാറ്റിക് ആണെന്ന് ഓർക്കാതെ ഇടയ്ക്കിടെ ഗിയർ മാറ്റാൻ നീളുന്ന കൈ ഒടുവിൽ സ്റ്റിയറിങ്ങിൽ ഉറപ്പിച്ചു പിടിച്ചു സുമയുടെ അർത്ഥാത്മഗതം.
"അവർക്കൊക്കെ അവരുടെ കാര്യങ്ങളില്ലേ...അച്ഛൻ പോയ ദുഃഖം ഇത്തിരി കുറയ്ക്കാൻ മിന്നുവും തങ്കുവും അവരുടെ കളിചിരികളും അമ്മയുടെ അടുത്തുണ്ടെങ്കിൽ..., പിന്നെ അച്ഛൻ മരിച്ച സമയത്തു പോലും ജോലിത്തിരക്ക് കാരണം വളരെ കുറച്ച് ദിവസങ്ങളല്ലേ നാട്ടിൽ ചെലവഴിക്കാൻ സാധിച്ചുള്ളൂ..." ഞാൻ ന്യായങ്ങൾ നിരത്തി.
അവൾക്ക് അറിയാത്ത കാര്യമൊന്നുമല്ല. ഈ വെക്കേഷന് അവളുടെ ആർക്കിറ്റെക്റ് ഗാങ് യൂറോപ്പിൽ പോകുന്നുണ്ട്. അവളോട് പൊയ്ക്കൊള്ളാൻ ഞാൻ പറഞ്ഞതുമാണ്, ഞങ്ങൾ അച്ഛനും മക്കളും കൂടി അമ്മൂമ്മയോടൊത്ത് നാട്ടിൽ നില്ക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ അവൾ തന്നെ തീരുമാനിച്ചു യൂറോപ്പിനേക്കാൾ നല്ലത് ചമ്പക്കുളം ആണെന്ന്. ഞങ്ങൾ എൻജോയ് ചെയ്യാൻ പോകുന്നതിൻറെ കുശുമ്പിൽ ചെയ്തതാണെങ്കിലും അവളുടെ ത്യാഗം ഞാൻ ഇടയ്ക്കിടെ അംഗീകരിക്കണം, അതിനുള്ള സൂത്രമാണ് ഈ വാചകങ്ങൾ.
"അവരൊക്കെ ഇപ്പോൾ ലിസ്ബണിൽ എത്തിക്കാണും...അവിടെ ഇപ്പോ എത്ര മണിയായോ എന്തോ..." മറ്റൊരു അർത്ഥാത്മഗതം.
"രാവിലെ എട്ടു മണിയായിക്കാണും" എന്ന് പറഞ്ഞത് ചിരിയടക്കി ആണെങ്കിലും ഗിയർ മാറ്റാൻ ത്രസിക്കുന്ന അവളുടെ കയ്യിൽ ഞാൻ സ്നേഹപൂർവ്വം തൊട്ടു. അവൾ ചെരിഞ്ഞ് എൻറെ മുഖത്തേക്കും തിരിഞ്ഞ ബാക്‌സീറ്റിൽ ഉറങ്ങുന്ന കുഞ്ഞുമുഖങ്ങളിലേക്കും നോക്കി, പിന്നെ സ്വയം പുഞ്ചിരിച്ച് സ്റ്റീരിയോയിലെ കിഷോർ കുമാറിൻറെ കൂടെ ഡ്യൂറ്റ് പാടിത്തുടങ്ങി.
എൻ്റെ ചിന്തകൾ അമ്മയിലായി..അരനൂറ്റാണ്ടായി അച്ഛനായിരുന്നു അമ്മയുടെ ലോകം.ഇപ്പോൾ എങ്ങനെ സമയം കഴിക്കുന്നുണ്ടാവും? എത്ര നിരാശയും ദുഃഖവും ഉണ്ടാവും..ഏകാന്തത കാർന്നു തിന്നുന്നുണ്ടാവുമോ...സുമയോട് പറഞ്ഞിരുന്നില്ലെങ്കിലും, പറ്റിയാൽ വെക്കേഷന് കഴിഞ്ഞു മടങ്ങുമ്പോൾ അമ്മയെ കൂടെ കൊണ്ടുപോകണം എന്ന് ഞാൻ തീരുമാനിച്ചിരുന്നു...അമ്മ സമ്മതിച്ചാൽ...
കാർ ഗേറ്റ് കടന്നപ്പോൾ 'അമ്മ മുറ്റത്തെത്തി.കഞ്ഞിമുക്കിയ പുളിയിലക്കരയൊക്കെ ഉടുത്ത് മുടി ഭംഗിയായി ചീകിക്കെട്ടി 'അമ്മ പൂത്തുലഞ്ഞു നിന്നിരുന്നു.
"കുഞ്ഞൂട്ടന്മാര് വന്നോ ...ഇവനാണോ അഞ്ചു വയസ്സ്? ഒരു വലിപ്പവും ഇല്ലല്ലോ...ഇവളുടെ മുടി വളരുന്നുണ്ടല്ലോ..പേനുണ്ടോ?" അമ്മ കുട്ടികളെ ചേർത്തുപിടിച്ച് കിന്നാരം പറഞ്ഞു. "നിൻറെ യൂറോപ്പുയാത്ര ഇവൻ മുടക്കിയല്ലേ..?" സുമയുടെ അമ്പരന്ന മുഖം കണ്ടില്ലെന്ന് നടിച്ച് കുശലം ചോദിച്ചു. "ഇതെന്ത് കോപ്രായമെടാ?ഹഹ " എന്റെ കവിളിൽ തൊട്ട് ബുൾഗാൻ താടിയിൽ അമ്മ കയ്യോടിക്കുമ്പോൾ സുമ എന്നെ തുറിച്ചു നോക്കി. എന്നാൽ എല്ലാംകൊണ്ടും ഉല്ലാസവതിയായ അമ്മയെ കണ്ട് എന്റെ മനസ്സ് സന്തോഷിച്ചു. ഒപ്പം അമ്മയുടെ മാനസിക സ്ഥിരതയിൽ അല്പം സംശയവും തോന്നി.
"വേഗം കുളിച്ചു വാ, ഊണ് എടുത്തു വെക്കാം"
അടുപ്പിൽനിന്ന് കൽചട്ടിയിൽ ഉണ്ടാക്കിയ ചക്ക അവിയലിൻറെ സുഗന്ധം എൻ്റെ മൂക്കിൽ അടിച്ചുകയറി. വായിൽ വെള്ളമൂറി കൊണ്ട് ഞാൻ പഴയകൊച്ചുകുട്ടിയായി കുളിമുറിയിലേക്ക് പായുമ്പോൾ വിശേഷം പറഞ്ഞുതീരാതെ കുട്ടിത്തമാശകൾ കേട്ട് അമ്മ പൊട്ടിച്ചിരിക്കുന്നത് കേട്ടു.
കുളി കഴിഞ്ഞ് വന്നപ്പോൾ അമ്മ നിർന്നിമേഷയായി മുറ്റത്തേക്ക് നോക്കി നിൽക്കുന്നത് കണ്ടു.
"എന്താ അമ്മേ?"
"ശ്... തുളസിതറയിലേക്ക് നോക്ക്" അമ്മ കണ്ണു കാണിച്ചു. അവിടെ ഒരു ഇല ചിന്തിൽ ചോറും ചക്ക അവിയിലും വെച്ചിരുന്നു. ഒരു കാക്ക അത് തിന്നു കൊണ്ടിരിക്കുന്നു, ഇടയ്ക്കു തല ഉയർത്തി അമ്മയെ നോക്കുന്നു.
ഞാൻ അമ്മയെ സൂക്ഷിച്ചു നോക്കിയപ്പോൾ പുഞ്ചിരിച്ചു കൊണ്ടു അകത്തേക്ക് നടന്ന് അമ്മ പറഞ്ഞു,
"രാവിലെ ചക്ക അരിഞ്ഞപ്പോൾ മുതൽ 'കാ കാ' പറഞ്ഞു കൂടിയതാ, അടുക്കള ജനലിൽ... പണ്ടേ ചക്ക അവിയലിനോട് കൊതിയാണ്.. വയറുവേദന വരുംവരെ തിന്നും..ഇങ്ങനെയുണ്ടോ ആളുകൾ..."
അമ്മ ആരെ പറ്റിയാണ് പറയുന്നതെന്ന് മനസ്സിലായപ്പോൾ ആ ഓർമ്മകൾ നുണയാൻ വിട്ടിട്ട് ഞാൻ മെല്ലെ ഊണുമുറിയിലേക്ക് ചെന്ന് സുമക്കും കുട്ടികൾക്കും ഒപ്പമിരുന്ന് വയറു നിറയെ ചോറുണ്ടു.
പിറ്റേന്നു രാവിലെ അടുക്കളയിൽ ആരെയോ അമ്മ വഴക്ക് പറയുന്നത് കേട്ടാണ് ഉണർന്നത്. "അപ്പോഴേ ഞാൻ പറഞ്ഞതാ, വേണ്ടാതെ കഴിക്കാൻ എടുക്കാവൂ എന്ന്,,,വേസ്റ്റ് ചെയ്യുന്നത് എനിക്ക് തീരെ ഇഷ്ടമല്ല.."
ഈ സ്വരം എനിക്ക് വളരെ പരിചിതമായിരുന്നു കുട്ടിക്കാലത്ത് ദിവസവും ഇതു കേട്ടാണ് ഞാനുണർന്നിരുന്നത്. അമ്മ ഏൽപ്പിക്കുന്ന ഏതെങ്കിലും കാര്യം അച്ഛൻ ചെയ്യാതിരുന്നാൽ അല്ലെങ്കിൽ തലേ രാത്രി വൈകി വന്നാൽ ഒക്കെ അമ്മ അച്ഛനോട് വഴക്ക് ഇട്ടിരുന്ന സ്വരം. ഇപ്പോൾ അത് ആരോടാണ്? അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ ചിരിവന്നു. മുറ്റത്ത് ഇരിക്കുന്ന കാക്കയോടാണ്. "കൊടുത്ത ഇഡ്ഡലി കൊണ്ട് കിണറ്റിലിട്ടു! വേണമെങ്കിൽ എടുത്താൽ പോരെ..വെറുതെ കളഞ്ഞില്ലേ ..." വഴക്ക് പറഞ്ഞ് തിരിഞ്ഞതും എന്നെ കണ്ടപ്പോൾ ഒന്നും സംഭവിക്കാത്തതുപോലെ "ഇന്നാടാ കാപ്പി" എന്ന് പറഞ്ഞ് അമ്മ അടുത്തേക്ക് വന്നു. വരുന്ന വഴി തിരിഞ്ഞ് "ഇനി ബാക്കി പിന്നെ പറയാം" എന്ന് കാക്കയോടും പറഞ്ഞു.
പറന്നുപോയ കാക്കയെ ഞാൻ സൂക്ഷിച്ചു നോക്കി- അമ്മയുടെ വഴക്ക് കേൾക്കുമ്പോൾ അച്ഛന്റെ മുഖത്ത് ഉണ്ടാകുന്ന ചമ്മൽ ഞാൻ കണ്ടോ?
പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം അമ്മയും കാക്കയുമായുള്ള അടുപ്പം ഞങ്ങൾ കണ്ടു.
ഒരു പ്രത്യേക രീതിയിൽ "കാ കാ" എന്ന് വിളിച്ച് രാവിലെ വരുന്ന കാക്കയ്ക്ക് വേണ്ടി അമ്മ അണിഞ്ഞൊരുങ്ങി, അച്ഛന് ഇഷ്ടപ്പെട്ട കറികൾ ഉണ്ടാക്കി ഇല ചീന്തിൽ തുളസിത്തറയിൽ വെച്ചു. കാക്ക അത് തിന്നുന്നത് കണ്ട് തൃപ്തിപ്പെ ട്ടു. സന്തോഷപൂർവ്വം ദിനചര്യകളിൽ മുഴുകി. ഇടയ്ക്കിടെ മുറ്റത്തു വരുന്ന കാക്കയോട് സംസാരിച്ചു, വഴക്കിട്ടു. വൈകുന്നേരമാകുമ്പോൾ യാത്ര പറയും പോലെ "കാ കാ" പറഞ്ഞ് അത് ചേക്കേറാൻ പോകുന്നത് ഞങ്ങൾ നോക്കി നിന്നു. ഏകാന്തതയുടെ ദുഃഖം ഇല്ലാതെ അമ്മ ദിവസങ്ങൾ നീക്കുന്നത് കണ്ടു ഞാൻ സമാധാനിച്ചു. സുമയ്ക്കും ആശ്വാസമായത് പോലെ തോന്നി.
ദിവസങ്ങൾ വേഗം കൊഴിഞ്ഞു. ഞങ്ങൾക്ക് മടങ്ങി പോകണ്ടതിന് നാലുദിവസം മുമ്പാണ് അത് സംഭവിച്ചത്- കാക്ക വന്നില്ല. ഉച്ചവരെ കാത്തിട്ടും വരാഞ്ഞപ്പോൾ ഉണ്ടാക്കി വെച്ച ചോറും കറികളും ഞങ്ങൾക്ക് വിളമ്പിയ ശേഷം ബാക്കി അടച്ചുവെച്ച് ഒന്നും കഴിക്കാതെ അമ്മ പോയി കിടന്നു. എത്ര നിർബന്ധിച്ചിട്ടും വൈകിട്ടും ഒന്നും കഴിച്ചില്ല. പിറ്റേന്ന് വെളുപ്പിനെ അടുക്കള ജനൽ തുറന്ന് നോക്കി കാത്തിരുന്നു. "കാ കാ " കേട്ടില്ല. നിരുത്സാഹത്തോടെ ഉണ്ടാക്കിയ പുട്ടും കടലയും പേരിന് അല്പം കഴിച്ചു. ഉച്ചയ്ക്ക് സുമ കറികൾ ഉണ്ടാക്കി.
"എന്ത് പറ്റി, അമ്മെ?" എന്ന് ചോദിച്ചപ്പോഴെല്ലാം "നല്ല സുഖമില്ല" എന്നു പറഞ്ഞ് അമ്മ പകൽ മുഴുവൻ ജനലിലൂടെ പുറത്തേക്ക് നോക്കി കിടന്നു. സന്ധ്യക്ക് അമ്മയുടെ കണ്ണുകൾ ചുവന്നിരുന്നു. എന്റെ മനസ്സ് പിടച്ചു തുടങ്ങി.
വെക്കേഷന് വരുമ്പോൾ എങ്ങനെയുണ്ടാവും എന്ന് ഞാൻ സങ്കൽപ്പിച്ചോ, ആ രൂപത്തിലേക്ക് മാറിയിരിക്കുന്നു അമ്മ. പിറ്റേന്നും കാക്ക വരാഞ്ഞപ്പോൾ ദുഃഖം ഒട്ടും മറച്ചുവയ്ക്കാതെ അമ്മ കരഞ്ഞു.
"സാരമില്ലമ്മേ...ഒരു ചീത്തക്കാര്യവും മനസ്സിൽ വിചാരിക്കണ്ട.." പണ്ട് അച്ഛൻ രാത്രി വരാൻ വൈകുമ്പോൾ കരയുന്ന കുട്ടിയായ എന്നോട് അമ്മ പറയാറുണ്ടായിരുന്ന വാക്കുകൾ അമ്മയോട് പറഞ്ഞു ഞാൻ ആ ശിരസ്സെടുത്ത് മടിയിൽ വെച്ചു. നേരത്തെ പറയാനുദ്ദേശിച്ച കാര്യം പതുക്കെ അവതരിപ്പിച്ചു, "അമ്മ ഞങ്ങളുടെ കൂടെ വരണം"
"അതെ..കുട്ടികൾക്ക് അമ്മൂമ്മയെ കാണാതെ ഇരിക്കാൻ വയ്യാതെയായിരിക്കുന്നു..അമ്മ വന്നാൽ നമുക്ക് പദ്‌മനാഭസ്വാമിക്ഷേത്രത്തിലൊക്കെ എന്നും പോകാം..."
എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് സുമയും നിർബന്ധിച്ചു. "വേണ്ട മോളെ...നിനക്കറിയാമല്ലോ ഞാൻ ഇവിടെ നിന്ന് മാറിനിൽക്കാൻ ഇഷ്ടപ്പെടുന്നില്ലെന്ന്..?"
"അങ്ങനെ പറയല്ലേ...കുട്ടികളെ ഓർത്തെങ്കിലും..." ഞങ്ങൾ രണ്ടു പേരും ഒട്ടുഎം വിട്ടു കൊടുക്കാതെ നിർബന്ധിച്ചപ്പോൾ പലതവണ ഇല്ല എന്ന് പറഞ്ഞെങ്കിലും ഒടുവിൽ അമ്മ ഞങ്ങളോടൊപ്പം വരാൻ സമ്മതിച്ചു. കാരണം എനിക്കു മാത്രം മനസ്സിലായി- ഒറ്റപ്പെടലിൻറെ രണ്ടാം അധ്യായം അമ്മയ്ക്ക് താങ്ങാവുന്നതിനും അപ്പുറത്തായിരിക്കുന്നു.
പിന്നെ തിരക്കുപിടിച്ച പാക്കിങ് ആയിരുന്നു. ഞങ്ങൾ യാത്ര ഒരു ദിവസത്തേക്ക് നീട്ടി. സാധനങ്ങൾ എടുത്തുവെച്ചും നിത്യവും മുറ്റം അടിക്കാനും വീട് തൂത്തുവാരാനും പണിക്കാരെ സംഘടിപ്പിച്ചും തേങ്ങയിടീച്ച് പൊതിച്ച് ചാക്കിൽ കെട്ടി കാറിൽവെക്കുന്നതിന് മേൽനോട്ടം വഹിച്ചും മറ്റുമായി തിരക്കിട്ടു നടക്കുന്നതിനിടയിലും പലതവണ പുറത്ത് മാവിൻ കൊമ്പിലും അടുക്കള ജനലിലും തുളസി തറയിലും നോക്കി നെടുവീർപ്പിടുന്നുണ്ടായിരുന്നു. ഒടുവിൽ സന്ധ്യക്ക് അച്ഛനെ ദഹിപ്പിച്ചിടത്ത് വിളക്കുകൊളുത്തി യാത്ര പറഞ്ഞു.
"നാളെ രാവിലെ ഞാൻ അവന്റെ കൂടെ പോകും.. ഇടയ്ക്ക് വരാം" എന്ന് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു. കുറെ നേരം അവിടെ കണ്ണടച്ചു നിന്നു. തിരിച്ചു നടക്കുമ്പോഴും മരക്കൊമ്പുകളിലേക്ക് നോക്കി.
പിറ്റേന്ന് വെളുപ്പിനെ ഞങ്ങളെല്ലാവരും പോകാൻ തയ്യാറായി. അലക്കിയ സെറ്റ് മുണ്ടുടുത്ത് മുടിചീകിക്കെട്ടി അമ്മ സ്വന്തം ബാഗുമെടുത്ത് ഉമ്മറത്തേക്ക് വന്നു. ലഗേജ് ഓരോന്നായി ഞാൻ കാറിന്റെ ഡിക്കിയിൽ വെച്ച് തുടങ്ങി. "കംപ്ലീറ്റ് തേങ്ങാ പൊതിച്ച് ഇതിൽ വെച്ചിട്ടുണ്ടല്ലോ അമ്മ... ഇതിലിപ്പോ ബാഗ് എങ്ങനെ വെക്കും...എന്തൊരു കഷ്ടമാണ് .." എന്നും മറ്റും ദേഷ്യം പിടിച്ച ഞാൻ പറഞ്ഞുകൊണ്ടിരുന്നു."എന്റെ ബാഗ് സീറ്റിൽ വെച്ചോളാം...മരുന്നൊക്കെ എടുക്കണം ഇടക്ക്" "എന്നാൽ 'അമ്മ കേറൂ, ബാഗ് ഞാൻ എടുത്ത് സീറ്റിൽ വെക്കാം" എന്ന് പറഞ്ഞ് സുമ ബാഗ് എടുത്തു. കാറിൽ കയറാൻ തുടങ്ങിയപ്പോൾ അമ്മ പെട്ടെന്ന് ചെവി വട്ടം പിടിച്ചു. പിന്നെ കിഴക്കേ മുറ്റത്തേക്ക് ഓടി.
അവിടെ തുളസി തറയിൽ ഇരുന്ന് കാക്ക നീട്ടിവിളിച്ചു.."കാ കാ.."
"എവിടെയായിരുന്നു?? ഇപ്പോൾ എന്തിനാ ഓടിച്ചാടി വന്നത്!!"
കണ്ണീരിൽ മുങ്ങിയ ചിരി. ഉറക്കെ ഇടറുന്ന സ്വരത്തിൽ കള്ളപ്പരിഭവത്തോടെ അമ്മ ഒരു ഈർക്കിലി എടുത്തു വീശി. കാക്കയുടെ മുഖത്ത് അച്ഛന്റെ ചമ്മൽ വിരിഞ്ഞു. അമ്മ ചിരിച്ചു കൊണ്ട് കയ്യിലിരുന്ന കുട്ടികളുടെ ബിസ്ക്കറ്റ് പാക്കറ്റ് പൊട്ടിച്ച് ഒരെണ്ണം ഇട്ടു കൊടുത്തു. കാക്ക അത് കൊത്തിത്തിന്നു.
"അയ്യോ..നല്ല വിശപ്പുണ്ട്, അല്ലേ? ഇപ്പൊ ദോശ ഉണ്ടാക്കി തരാം" എന്ന് പറഞ്ഞ് മുടി മുകളിലേക്ക് ഉയർത്തിക്കെട്ടി അടുക്കളയിലേക്കു നടന്നു.
"അമ്മേ, സമയം വൈകുന്നു..നമുക്ക് പോകാനായി" അത് പറയുമ്പോൾത്തന്നെ കേൾക്കാൻ പോകുന്ന വാചകം എന്താവും എന്ന തിരിച്ചറിവിൽ ഞാൻ ഒന്ന് വിങ്ങി.
"എങ്ങോട്ട്?" വളരെ കാഷ്വൽ ആയി ചിരിച്ചുകൊണ്ട് കുറ്റിയിട്ട അടുക്കളവാതിൽ തുറക്കുമ്പോൾ 'അമ്മ പറഞ്ഞു,"നിങ്ങൾ പൊയ്ക്കോളൂ..എന്റെ ബാഗ് പുറത്തേക്കു വെച്ചോളൂ..ഞാൻ അടുത്ത തവണ വരാം."
എൻറെ ദൈന്യഭാവം ശ്രദ്ധിച്ചാവണം അടുക്കളയിൽ കയറാതെ പുറത്തേക്ക് വന്നു. കരയാൻ പൊട്ടി നിൽക്കുന്ന കുഞ്ഞുമക്കളെ ചേർത്തുമ്മ വെച്ച് "നന്നായി,നല്ല കുട്ടികളായി വളരണം കേട്ടോ" എന്ന് പറഞ്ഞു. സുമയെ ചേർത്ത് നിർത്തി എൻറെ കവിളിൽ തലോടി കണ്ണിലേക്ക് നോക്കി.
"പോയി വാടാ... ഇവിടെ എനിക്ക് അച്ഛനെ നോക്കണ്ടേ? വിശന്ന് വന്നിരിക്കുന്നത് കണ്ടില്ലേ? ഒരു ദോശ കൊടുക്കട്ടെ.." എന്ന് പറഞ്ഞ് കിഴക്കുമുറ്റത്തേക്ക് നോക്കി പുഞ്ചിരിച്ചു. അവിടെ നിന്ന് രണ്ടു കണ്ണുകൾ ഞങ്ങളെ യാത്രയാക്കി. ഞങ്ങൾ മടിയോടെ കാറിൽ കയറി. കാർ ഇടവഴി ഇങ്ങോട്ടും വരെ അമ്മ ഉമ്മറത്ത് നിന്ന് കൈ വീശി. പിന്നെ, അക്ഷമനായി തുളസിത്തറയിൽ ഇരിക്കുന്ന പ്രിയപ്പെട്ട ആൾക്ക് ദോശ ഉണ്ടാക്കാനായി തിരക്കിട്ട് അടുക്കളയിലേക്ക് നടന്നു.
No comments:
Post a Comment